തൂക്കുകയർ ഒരു പ്രതിവിധി അല്ല


" എന്തിനാണ് ഈ പെണ്ണ് ഒരു പയ്യനും ഒത്ത് രാത്രിയിൽ കറങ്ങി നടന്നത്? നല്ല പെൺകുട്ടികളെപ്പോലെ അവൾക്ക് വീട്ടിനകത്ത് അടങ്ങി ഒതുങ്ങി ഇരുന്നുകൂടായിരുന്നോ? അഥവാ ഞങ്ങൾ ബലാത്സംഗം ചെയ്യുന്നു എന്നിരിക്കട്ടെ. മല്ലടിക്കാതെ അവൾക്ക് ശാന്തയായി ഞങ്ങൾക്ക് വഴങ്ങിത്തരാമായിരുന്നല്ലോ. എങ്കിൽ, അവളെ ഞങ്ങൾ ഉപദ്രവിക്കുമായിരുന്നു ഇല്ല... " - ഇത് നിർഭയ എന്ന പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നതിന് തൂക്കുകയർ ലഭിച്ച മുകേഷ് സിംഗ് സ്വയം ന്യായീകരിച്ചുകൊണ്ട് പശ്ചാത്താപലേശമില്ലാതെ ഇന്ത്യയുടെ മകൾ (India's daughter ) എന്ന ഡോക്യുമെൻററി സംവിധാനം ചെയ്ത ബ്രിട്ടീഷുകാരി ലെസ്‌ലി ഉഡ്വിന്  നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ.

 ബലാത്സംഗകാർക്ക് വധശിക്ഷയാണ് വിധിക്കുന്നത് എങ്കിൽ ഇനി മുതൽ അവർ ഇരകളെ ജീവനോടെ വെക്കില്ല. ആഗ്രഹം സാധിച്ച ശേഷം അവരെ കൊല്ലുക തന്നെ ചെയ്യുമെന്നും അയാൾ പറയുകയുണ്ടായി.
ഇവിടെ ഓർത്തുപോകുന്നത് നാസി ഏകാധിപതി ഹിറ്റ്ലറുടെ ആജ്ഞാനുവർത്തികളിൽ ഒരാളായിരുന്ന അഡോൾഫ് ഐക്മാനുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്. ലക്ഷക്കണക്കിന് ആളുകളെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ വെച്ച് കൊന്നൊടുക്കിയ ഐക്മാനെ  തൂക്കിലേറ്റുന്നതിന് തലേന്ന് ജയിൽ അധികാരികൾ അയാൾക്ക് അവസാനത്തെ അത്താഴം നൽകി.  രാത്രി പതിനൊന്നരയോടെ പുരോഹിതൻ വന്നു, ചെയ്ത തെറ്റുകൾ പശ്ചാത്തപിച്ച് കുമ്പസാരിക്കേണ്ടേ എന്ന് ചോദിച്ചു. വേണ്ട എന്നായിരുന്നു അയാളുടെ നിർവികാരമായ മറുപടി. എന്തിനാണ് പാതിരിക്ക്  ഇത്രയും സങ്കടം, തനിക്കൊരു ദുഃഖവും ഇല്ലല്ലോ എന്ന ഐക്മാൻ  കൂട്ടിച്ചേർക്കുകയും ചെയ്തു. താൻ നടത്തിയ കൂട്ടക്കൊലകളിൽ അല്പം പോലും പശ്ചാത്താപം ഉണ്ടായിരുന്നില്ല ഐക്മാന്. മുകേഷ് സിംഗ് പിൻപറ്റുന്നത് അടിസ്ഥാനപരമായി ഐക്മാന്റെ  വികാരങ്ങൾ തന്നെ.

 നോക്കൂ.. അവസാന നിമിഷം വരെയും പശ്ചാത്താപലേശമില്ലാതെ ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ മുകേഷ് സിംഗ് വളരെയധികം ശ്രമിച്ചു. ഒരു പുരോഗമന സമൂഹത്തിൽ  കൊലചെയ്യുകയും അതിൽ പശ്ചാത്താപം ഇല്ലാതിരിക്കുകയും.. ആത്യന്തികമായി ഇരയുടെ മേൽ കുറ്റം ചുമത്തുന്ന പ്രതികളും ഉള്ളപ്പോൾ ആ സമൂഹം തന്നെയാണ് പരാജയപ്പെട്ടു പോകുന്നത്.
സുപ്രീംകോടതിയിൽ മുകേഷ് സിങ്ങിനു വേണ്ടി വാദിച്ച അഭിഭാഷകർ പ്രകടിപ്പിച്ച  അഭിപ്രായങ്ങളിലും  ബലാൽസംഗം ഇരക്കെക്കെതിരെയുള്ള കുറ്റമാക്കുവാനാണ് ശ്രമിച്ചത്. ആശാറാം ബാപ്പുവിന്റെ  'വിശുദ്ധ വെളിപാടുകൾ' ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് ;  " ബലാത്സംഗം ചെയ്തവരെ പോലെതന്നെ കുറ്റക്കാരിയാണ്  ഇരയും. ബലാത്സംഗം ചെയ്തവരെ പൊന്നു സഹോദരന്മാരെ എന്നു വിളിച്ചു വിലപിച്ചു കൊണ്ട് അത് നിർത്താൻ അവർ അപേക്ഷിക്കേണ്ടതായിരുന്നു".

 തീർച്ചയായും കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുന്ന ഒരു വശം  കൂടി ഈ സമൂഹത്തിന് ഉണ്ട് എന്ന് മനസ്സിലാക്കുക. പുരോഗമന സമൂഹം എന്ന നിലയിൽ നമ്മൾ വിജയിച്ചിട്ടില്ല എന്നതാണ് അതിനർത്ഥം. അങ്ങനെയൊരു സമൂഹത്തിൽ സ്റ്റേറ്റിന്റെ  പിൻബലത്തോടെ ആണെങ്കിലും അല്ലെങ്കിലും വധശിക്ഷകൾക്ക് ഒന്നും തന്നെ ചെയ്യുവാൻ കഴിയില്ല എന്ന് മനസ്സിലാക്കണം.
 നിൻറെ വീട്ടിൽ ആണ് ആർക്കെങ്കിലും ഇത്  സംഭവിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരാം...അവരോട് :  'കൊലചെയ്ത്  പ്രതികാരം നടത്തുക എന്നത് പ്രാകൃത സമൂഹത്തിൻറെ നീതിയാണ്.'  ആധുനിക സമൂഹത്തിൽ മുട്ടുവിറയ്ക്കുന്ന നിയമങ്ങൾ കൊണ്ട് ഇതെല്ലാം  തടയാം എന്ന് കരുതുന്നത് തെറ്റാണ്. കുറ്റകൃത്യങ്ങൾ നടക്കാതെ  തടയാനുള്ള വഴികളാണ്  ആധുനിക സമൂഹത്തെ സംബന്ധിച്ച് പ്രധാനം.

താൻ ചെയ്ത കുറ്റം എത്രമാത്രം വലുതാണെന്ന് ചിന്ത പോലുമില്ലാതെയാണ് ആ നാല് പേരും തൂക്കിലേറ്റപ്പെട്ടിരിക്കുന്നത്. താൻ ഈ സമൂഹത്തിന് ചേർന്നവൻ അല്ല എന്ന് കുറ്റബോധം പോലും അവർക്കില്ലായിരുന്നു.

 സ്ത്രീയെ മാതാവും ദൈവവുമായി പൂജിക്കുന്ന  ഇന്ത്യയിൽ ഇത്തരമൊരു സംഭവം എത്രമാത്രം നാണക്കേടാണ് ഉണ്ടാക്കുന്നത്?   ഇത്തരമൊരു സംഭവം നടന്നതിനു ശേഷം വൈകാരികതള്ളലുകൾ കൊണ്ടോ നിരന്തരമായ ജനരോക്ഷം കൊണ്ടോ ഇതിനെ തടയാം എന്ന് കരുതരുത്.
 സ്ത്രീയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്ന തരത്തിലുള്ള സാമൂഹ്യ സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിന് ആദ്യം മുതൽ  ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു സോഷ്യലൈസിംഗ് ഏജൻറ് എന്ന നിലയിൽ ഫാമിലിയിൽ നിന്ന് ഇത് തുടങ്ങുകയും യോജിച്ച വിദ്യാഭ്യാസത്തിലൂടെ ഇത് ഡെവലപ്പ് ചെയ്യുകയും വേണം.
ഇന്ത്യ ഒരു ആധുനിക  സമൂഹം എന്ന നിലയിൽ  വധശിക്ഷകൾക്ക് വേണ്ടി മുറവിളി കൂട്ടുകയല്ല വേണ്ടത്.. സ്ത്രീകളെ പൂജിക്കുന്ന ഈ നാട്ടിൽ  സ്ത്രീസമത്വത്തിനും വിമോചനത്തിനുമായി ആഗോളാടിസ്ഥാനത്തിൽ ഒരു പ്രസ്ഥാനം തന്നെ നയിക്കാൻ കഴിയണം.

Comments

Popular posts from this blog

അഗർത്ത

THE PLATFORM

ബിരിയാണി