ബിരിയാണി
#ബിരിയാണി സ്ത്രീ-പുരുഷ ലൈംഗികതയുടെ രണ്ടടരുകൾക്കിടയിലാണ് ബിരിയാണി എന്ന സിനിമ അതിന്റെ കഥപറയുന്നത്. കിടപ്പറയിൽ ഖദീജ നേരിടുന്ന അവഹേളനത്തെയും അപമാനത്തെയും ഏറ്റവുമാദ്യം സിനിമ കാണിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി പുരുഷാധിപത്യം, സ്ത്രീ ലൈംഗികതയെ നിയന്ത്രിച്ചുകൊണ്ട് നിർണ്ണയിച്ചുവരുന്ന സ്ത്രീധർമ്മങ്ങൾ മാത്രം കാണുവാൻ ഇഷ്ടപ്പെടുന്ന, 'സ്ത്രീയെ തളയ്ക്കുവാൻ' മതത്തെ കൂട്ടുപിടിക്കുന്ന ഖദീജയുടെ ഭർത്താവ് സിനിമ സംവദിക്കുന്ന സമൂഹത്തിലെ പുരുഷന്മാരുടെ ആകെത്തുകയാണ്. മതാനുഷ്ഠാനങ്ങളിലെ ദുഷിച്ച ശീലങ്ങളെയും അതിന്റെ നിസ്സാരതകളെയും ശക്തമായി സ്പർശിച്ചും ആഘാതമേല്പിച്ചുകൊണ്ടുമാണ് സിനിമ മുന്നേറുന്നത്. സഹോദരന്റെ തീവ്രവാദബന്ധംമൂലം നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വരുന്ന ഖദീജ, എക്കാലത്തും മതവും രാഷ്ട്രീയവും കൃത്യമായ കള്ളികളിലൊതുക്കി നിയന്ത്രിച്ചുവരുന്ന സ്ത്രീ ജീവിതങ്ങളെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. മത തീവ്രവാദത്തെയും അതിന്റെ മൂലകാരണങ്ങളെയും ചിലയിടങ്ങളിൽ ചാനൽ ചർച്ചകളുടെ രൂപത്തിൽ പ്രേഷകരിലെത്തിച്ചുകൊണ്ട് സിനിമ മൃദുവായി സ്പർശിച്ചു പോകുന്നുണ്ട്. ഉമ...