ബിരിയാണി
#ബിരിയാണി
സ്ത്രീ-പുരുഷ ലൈംഗികതയുടെ രണ്ടടരുകൾക്കിടയിലാണ് ബിരിയാണി എന്ന സിനിമ അതിന്റെ കഥപറയുന്നത്. കിടപ്പറയിൽ ഖദീജ നേരിടുന്ന അവഹേളനത്തെയും അപമാനത്തെയും ഏറ്റവുമാദ്യം സിനിമ കാണിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി പുരുഷാധിപത്യം, സ്ത്രീ ലൈംഗികതയെ നിയന്ത്രിച്ചുകൊണ്ട് നിർണ്ണയിച്ചുവരുന്ന സ്ത്രീധർമ്മങ്ങൾ മാത്രം കാണുവാൻ ഇഷ്ടപ്പെടുന്ന, 'സ്ത്രീയെ തളയ്ക്കുവാൻ' മതത്തെ കൂട്ടുപിടിക്കുന്ന ഖദീജയുടെ ഭർത്താവ് സിനിമ സംവദിക്കുന്ന സമൂഹത്തിലെ പുരുഷന്മാരുടെ ആകെത്തുകയാണ്.
മതാനുഷ്ഠാനങ്ങളിലെ ദുഷിച്ച ശീലങ്ങളെയും അതിന്റെ നിസ്സാരതകളെയും ശക്തമായി സ്പർശിച്ചും ആഘാതമേല്പിച്ചുകൊണ്ടുമാണ് സിനിമ മുന്നേറുന്നത്. സഹോദരന്റെ തീവ്രവാദബന്ധംമൂലം നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വരുന്ന ഖദീജ, എക്കാലത്തും മതവും രാഷ്ട്രീയവും കൃത്യമായ കള്ളികളിലൊതുക്കി നിയന്ത്രിച്ചുവരുന്ന സ്ത്രീ ജീവിതങ്ങളെ തന്നെയാണ് അടയാളപ്പെടുത്തുന്നത്. മത തീവ്രവാദത്തെയും അതിന്റെ മൂലകാരണങ്ങളെയും ചിലയിടങ്ങളിൽ ചാനൽ ചർച്ചകളുടെ രൂപത്തിൽ പ്രേഷകരിലെത്തിച്ചുകൊണ്ട് സിനിമ മൃദുവായി സ്പർശിച്ചു പോകുന്നുണ്ട്.
ഉമ്മയുടെ മരണം സൃഷ്ടിക്കുന്ന തകർച്ചയുടെ ആഘാതം ഖദീജയിൽ സൃഷ്ടിക്കുന്ന വേദനകൾ പ്രേഷകനിലും പ്രതിഫലിച്ചേക്കാം.
ജനാധിപത്യ തൊഴിലിടങ്ങൾ സ്ത്രീകളുടെ ഇത്തരം മാനസിക സംഘർഷങ്ങളിൽ നിന്ന് ഒരു പരിധിവരെ അവരെ രക്ഷിച്ചേക്കാം. പക്ഷേ ഖദീജയുടെ ജീവിതത്തിൽ ജനാധിപത്യ തൊഴിലിടങ്ങൾ എന്ന വ്യവഹാരം പോലും അപ്രത്യക്ഷമാകുന്നിടത്ത് ലൈംഗികത്തൊഴിലാളിയായി ഖദീജ മാറുകയും എന്നാൽ പിന്നീട് ഒരു ഘട്ടത്തിൽ, ആ തൊഴിൽ ഉപേക്ഷിക്കുമ്പോൾ പോലും ആണധികാരം അവളെ ക്രൂരമായി പിന്തുടരുകയും ചെയ്യുന്നുണ്ട്.
മതവും പുരുഷാധിപത്യ സമൂഹവും നിർണ്ണയിക്കുന്ന ലോകക്രമത്തിൽ ഇരയാക്കപ്പെടേണ്ടി വന്ന സ്ത്രീയെന്ന നിലയിൽ പുതിയ ജീവിതക്രമത്തിലേക്ക് കടക്കുന്നതിനു മുമ്പ് പഴയ ലോകക്രമത്തോടുള്ള കണക്കു തീർക്കും വിധമുള്ള 'രുചിക്കൂട്ടായി' ബിരിയാണി മാറുന്നു.
സിനിമയുടെ അവസാനഭാഗത്ത് ആദ്യഭാഗത്ത് കാണിക്കുന്നതിൽ നിന്നും വ്യത്യസ്‌തമായി പുതിയ സെക്സ് പൊസിഷനിൽ (woman on top)രതിമൂർച്ഛയറിഞ്ഞ് ആനന്ദിക്കുന്ന ഖദീജയെ കാണാം. ജീവിതത്തെയും യൗവ്വനത്തേയും ഉത്സാഹപൂർവ്വം പുൽകാൻ വെമ്പുന്ന സ്ത്രീയെതന്നെയാണ് അവിടെ പ്രേക്ഷകന് കാണാൻ സാധിക്കുന്നത്.
തീക്ഷ്ണതയോടും മൂർച്ചയോടും കൂടി സ്ത്രീ ജീവിതത്തിന്റെ രാഷ്ട്രീയം അടയാളപെടുത്തിയ സിനിമകളിൽ മുൻനിരയിൽ തന്നെ ബിരിയാണിയും ഇനി ഉണ്ടാവും.❤️
Abhijith Vijayasekharan

Comments
Post a Comment